ചെറുതോണി: ജനപ്രതിനിധി എന്ന നിലയിൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് തന്റെ പ്രഥമ ഉത്തരവാദിത്വമെന്ന് റോയി കെ. പൗലോസ് എംഎൽഎ. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച ഈ ആവശ്യത്തിനായി അവസാന നിമിഷം വരെ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കിടപ്പാടത്തിന്റെയും കൃഷി ഭൂമിയുടെയും ഉടമസ്ഥാവകാശവും അധികാരവും സ്വന്തമായുണ്ടാവുക എന്നതാണ് ഏതൊരു വ്യക്തിയുടെയും പ്രാഥമികാവശ്യം. സംസ്ഥാനത്തെ 13 ജില്ലകൾക്കുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും അധികാരവും ഇടുക്കിക്കും വേണമെന്നും എംഎൽഎ പറഞ്ഞു.
സ്കൂൾ മാനേജർ ഫാ. ടോമി ലൂക്ക ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിജോ ജോർജ്, പിടിഎ പ്രസിഡന്റ് ജോളി ജോൺ, ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ്, അധ്യാപകരായ ടി.വി. സോമൻ, സിജോ ജോൺ എന്നിവർ പ്രസംഗിച്ചു. സ്വപ്ന ജോർജ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.
പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.